Sports
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 133 റണ്‍സ് നേടിയത്.
അർധ സെഞ്ചുറി നേടിയ കാമിന്ദു മെന്‍ഡിസാണ് (50) ടോപ് സ്കോറർ. ഷഹീന് അഫ്രീദി മൂന്നും ഹുസൈന് താലാത്, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോടും ശ്രീലങ്ക ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു. അതിനാൽ ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.
Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ടോസ്നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുംറയും ടീമിലെത്തി. അതേസമയം പാക് നായകൻ സൽമാൻ ആഗയ്ക്ക് ഇത്തവണയും കൈകൊടുക്കാൻ സൂര്യകുമാർ യാദവ് തയാറായില്ല.
ടോസ് നേടിയിരുന്നെങ്കില്‍ പാക്കിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ സല്മാന് ആഘ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്നത്തെ മത്സരവും.
ടീം പാക്കിസ്ഥാന് : സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
Sports
ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ. 41 റൺസിനാണ് യുഎഇയെ പാക്കിസ്ഥാൻ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഫഖർ സൽമാൻ അർധ സെഞ്ചുറി നേടി. 36 പന്തിൽ 50 റണ്‍സായിരുന്നു ഫഖർ സൽമാന്റെ സന്പാദ്യം. ഷഹീൻ അഫ്രീദി 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റും സിമ്രൻജീത് സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 17.4 ഓവറിൽ 105 റണ്‍സിന് യുഎഇ പോരാട്ടം അവസാനിച്ചു. നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. 35 റണ്‍സ് നേടിയ രാഹുൽ ചോപ്രയാണ് യുഎഇ നിരയിൽ ടോപ് സ്കോറർ.
പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹരീസ് റഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
Sports
ദുബായി: രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കാര്മേഘച്ചുരുളുകള്ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന് ഏഷ്യ കപ്പിന്റെ ഹൈലൈറ്റ്.
ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.
വിയര്‍ത്തൊഴുകും
ഏഷ്യ കപ്പ് 2025 എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.
5+3= 8
അഞ്ച് ഐസിസി ഫുള്മെംബര് ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
ഫോര്‍മാറ്റ്, വേദികള്‍
ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.
ഇന്ത്യ x പാക്കിസ്ഥാന്
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ
ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്
Sports
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
അതേസമയം, യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. സൂര്യകുമാർ യാദവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.